This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍

Centre-State Relations

ഫെഡറല്‍ ഭരണസംവിധാനം നിലവിലുള്ള രാഷ്ട്രങ്ങളില്‍ കേന്ദ്രവും ഘടക സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍. ഫെഡറല്‍ ഭരണക്രമം നിലവിലുള്ള പ്രമുഖ രാഷ്ട്രങ്ങള്‍ യു. എസ്., കാനഡ, ആസ്റ്റ്രേലിയ, ഇന്ത്യ തുടങ്ങിയവയാണ്; ഈ രാഷ്ട്രങ്ങളില്‍ കേന്ദ്രവും ഘടക സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അതതു ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പരമാധികാരം ഉണ്ടായിരുന്ന രാഷ്ട്രങ്ങള്‍ പില്ക്കാലത്തു ഫെഡറേഷനായി രൂപംകൊണ്ടു. വിദേശമേധാവിത്വത്തില്‍ നിന്നും സ്വതന്ത്രരാകാനോ വിദേശ ശക്തികളുടെ ആക്രമണത്തില്‍ നിന്നു രക്ഷ നേടാനോ വേണ്ടി മിക്ക രാഷ്ട്രങ്ങളും ഫെഡറേഷനു രൂപം നല്‍കി. ഫെഡറേഷന്റെ രൂപവത്കരണത്തിനുമുമ്പ് സ്വതന്ത്ര രാഷ്ട്രങ്ങളെന്ന നിലയില്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന പരമാധികാരം നഷ്ടപ്പെടാത്ത രീതിയിലാണ് ഈ രാഷ്ട്രങ്ങള്‍ ഫെഡറേഷനില്‍ അംഗങ്ങളായിട്ടുള്ളത്. ചില ഫെഡറേഷനുകളില്‍ ഫെഡറേഷന്റെ രൂപവത്കരണത്തിന് അത്യന്താപേക്ഷിതമായ വിഷയങ്ങള്‍ മാത്രം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ടു ബാക്കിയുള്ളവ ഘടകങ്ങളുടെ നിയന്ത്രണത്തില്‍ത്തന്നെ വച്ചിരിക്കുന്നു. യു. എസ്. എ. യുടെ രൂപവത്കരണത്തില്‍ പങ്കുചേര്‍ന്ന സ്റ്റേറ്റുകളെല്ലാം തന്നെ പരമാധികാരസ്വഭാവമുള്ള സ്വതന്ത്ര രാഷ്ട്രങ്ങളായിരുന്നു. ബ്രിട്ടീഷ് മേധാവിത്വത്തില്‍ നിന്നു സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി ഈ സ്റ്റേറ്റുകള്‍ ഫെഡറേഷനു രൂപം നല്‍കിയപ്പോള്‍ രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണത്തിന് അനിവാര്യമായ പ്രതിരോധം, ഗതാഗതം തുടങ്ങിയവ ഫെഡറല്‍ ഗവണ്‍മെന്റിനു വിട്ടുകൊടുത്തശേഷം ബാക്കിയുള്ള വിഷയങ്ങള്‍ സംസ്ഥാനങ്ങളുടെതന്നെ നിയന്ത്രണത്തിലാക്കി. യു. എസ്. ഭരണഘടനയുടെ പത്താംവകുപ്പില്‍ ഫെഡറല്‍ ഗവണ്‍മെന്റിനു പൂര്‍ണമായ അധികാരമുള്ള വിഷയങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള വിഷയങ്ങളെ സംബന്ധിച്ച പൂര്‍ണമായ അധികാരം ഘടക സ്റ്റേറ്റുകള്‍ക്കാണ്. യു. എസ്. മാതൃകയില്‍ തന്നെയാണ് ആസ്റ്റ്രേലിയയിലെയും കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍.

കേന്ദ്രത്തിനു അധികാരമുള്ള ചില വിഷയങ്ങള്‍ നീക്കിവച്ചശേഷം ബാക്കി വിഷയങ്ങള്‍ സംബന്ധിച്ച പൂര്‍ണമായ അധികാരം ഘടകങ്ങള്‍ക്കു നല്‍കുന്ന യു. എസ്. തത്ത്വത്തില്‍ നിന്നു വ്യത്യസ്തമായ ഒരു സംവിധാനമാണു കാനഡയിലുള്ളത്. യു. എസ്. ആഭ്യന്തര സമരത്തിന്റെ തിക്തഫലങ്ങള്‍ നേരില്‍ കണ്ടുകൊണ്ടാണ് കാനഡയിലെ സംസ്ഥാനങ്ങള്‍ ഫെഡറേഷന്‍ രൂപവത്കരണത്തിനു മുതിര്‍ന്നത്. ഘടകങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന രീതി വേണ്ടെന്നുവച്ച് ശക്തമായ ഒരു കേന്ദ്രഗവണ്‍മെന്റ് വേണമെന്നു കാനഡാ തീരുമാനിച്ചു. ഘടക സംസ്ഥാനങ്ങള്‍ക്കു നിശ്ചിതവിഷയങ്ങള്‍ നീക്കിവച്ചു ബാക്കിയുള്ളവയുടെ അധികാരം കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കുന്ന സംവിധാനമാണു കാനഡ സ്വീകരിച്ചിത്.

ഇന്ത്യ. ഇരുപതാം ശതകത്തിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ ഇന്ത്യയുടെ ഭാവിരാഷ്ട്രീയഘടന എന്തായിരിക്കണമെന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഇവിടത്തെ രാഷ്ട്രീയകക്ഷികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ളീം ലീഗും ചേര്‍ന്ന് 1916-ല്‍ രൂപം നല്‍കിയ ലക് നൗ ഉടമ്പടിയില്‍ ഭാവി ഭാരതത്തിന്റെ ഫെഡറല്‍ സ്വഭാവം തത്ത്വത്തില്‍ അംഗീകരിക്കുകയുണ്ടായി. പണ്ഡിറ്റ് മോത്തിലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള അഖിലകക്ഷി സമിതിയിലും വട്ടമേശ സമ്മേളനങ്ങളില്‍ തുടങ്ങി ബ്രിട്ടീഷ് ക്യാബിനറ്റ് മിഷനില്‍ അവസാനിച്ച എല്ലാ സന്ധിസംഭാഷണ വേദികളിലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യക്ക് ഒരു ഫെഡറല്‍ ഭരണഘടന ഉണ്ടാകണമെന്നായിരുന്നു പൊതുവായുള്ള ആഗ്രഹം. പൂര്‍ണമായും കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഏകീകൃത രാഷ്ട്രമായിരുന്നു കോണ്‍ഗ്രസ് വിഭാവനം ചെയ്തത്. എന്നാല്‍ ഒരു വികേന്ദ്രീകൃത ഭരണസംവിധാനം ഉണ്ടാകണമെന്നു മുസ്ലിം ലീഗ് വാദിച്ചു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തമ്മില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളുടെ ഫലമായി പ്രാദേശികാടിസ്ഥാനത്തില്‍ പരമാവധി സ്വയംഭരണാവകാശവും സുപ്രധാനങ്ങളായ ചില വിഷയങ്ങളില്‍ കേന്ദ്രീകൃതാധികാരവും എന്ന തത്ത്വത്തിനു പ്രാബല്യമുണ്ടായി. കേന്ദ്രത്തിന് വിദേശനയം, പ്രതിരോധം, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ വിഷയങ്ങളില്‍ മാത്രം പരിപൂര്‍ണമായ അധികാരമുണ്ടായിരിക്കണമെന്നും തീരുമാനമുണ്ടായി. ഒരു പരമാധികാര മുസ്ലിം രാഷ്ട്രം എന്ന ആശയത്തില്‍ കണ്ണുനട്ട മുസ്ലിം ലീഗ് അതിനുവേണ്ട ശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായി 1947-ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടു. രാഷ്ട്രവിഭജനവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ദേശീയ നേതൃത്വത്തിന് ഏല്‍പിച്ച കനത്ത ആഘാതത്തിന്റെ ഫലമായി രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനു ശക്തവും സമര്‍ഥവുമായ ഒരു കേന്ദ്രഗവണ്‍മെന്റ് കൂടിയേതീരു എന്ന ആശയത്തിനു സാര്‍വജനീനമായ അംഗീകാരവും ലഭിച്ചു. ശക്തമായ ഒരു കേന്ദ്ര ഗവണ്‍മെന്റ് എന്ന ആശയത്തെയാണ് ഭാരതീയ നേതാക്കളും ഭരണഘടനാനിര്‍മാണസമിതിയിലെ അംഗങ്ങളും ഒരുപോലെ അനുകൂലിച്ചത്.

1950 ജനു. 26-ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ഭരണഘടനയില്‍ കേന്ദ്രീകൃത ഭരണസംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളുണ്ട്. കേന്ദ്രത്തില്‍ നിന്നു നിയമിക്കപ്പെടുന്ന ഗവര്‍ണര്‍, അഖിലേന്ത്യാ സര്‍വിസുകള്‍, സംസ്ഥാനങ്ങളുടെ പരിധിയിലുള്ള അധികാരങ്ങളുടെ മേല്‍ കേന്ദ്രത്തിന്റെ മേല്‍നോട്ടവും നിയന്ത്രണവും, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം എന്നിവ 'ശക്തമായ കേന്ദ്രം' എന്ന ആശയത്തിന്റെ മുഖമുദ്രകളാണ്.

ഗവര്‍ണര്‍. ഭരണഘടനയുടെ 154-ാം വകുപ്പനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ഗവര്‍ണറും ഇദ്ദേഹത്തെ നിയമിക്കുന്നതു (153-ാം വകുപ്പ്) രാഷ്ട്രപതിയുമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയാണ് ഗവര്‍ണറുടെ നിയമനത്തിനു ശിപാര്‍ശ ചെയ്യുന്നത്. തന്റെ കീഴുദ്യോഗസ്ഥന്മാര്‍ മുഖേന ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായി ഗവര്‍ണര്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നു. സംസ്ഥാന ഭരണത്തില്‍ ഗവര്‍ണറെ സഹായിക്കാനും ഉപദേശിക്കാനും വേണ്ടി ഒരു മന്ത്രിസഭയും ഒരു മുഖ്യമന്ത്രിയും ഉണ്ടായിരിക്കണമെന്നു 163-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഭരണഘടനയനുസരിച്ച് തന്റെ വിവേചനത്തിനു വിധേയമാക്കേണ്ടതായ തീരുമാനങ്ങളുടെ കാര്യത്തില്‍ മാത്രമേ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും നിര്‍ദേശം സ്വീകരിക്കേണ്ടതായുള്ളു. 164-ാം വകുപ്പനുസരിച്ചു മുഖ്യമന്ത്രിയേയും മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിമാരെയും നിയമിക്കേണ്ടതു ഗവര്‍ണറാണ്. 166-ാം വകുപ്പനുസരിച്ച് എല്ലാ ഭരണകൃത്യങ്ങളും ഗവര്‍ണറുടെ നാമധേയത്തില്‍ നിര്‍വഹിക്കപ്പെടുന്നു. ഭരണഘടനയുടെ 168-ാം വകുപ്പാണു ഗവര്‍ണറെ നിയമസഭയുടെ ഒരു ഘടകമായി മാറ്റുന്നത്. ഓരോ സംസ്ഥാനത്തിലും ഗവര്‍ണറും ഒന്നോ രണ്ടോ സഭകളുള്‍ക്കൊള്ളുന്ന ഒരു നിയമ നിര്‍മാണസഭയും ഉണ്ടായിരിക്കണമെന്ന് ഈ വകുപ്പ് അനുശാസിക്കുന്നു. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാനും നിയമസഭാ സമ്മേളനത്തിന്റെ കാലദൈര്‍ഘ്യം വര്‍ധിപ്പിക്കാനും നിയമസഭയെ പിരിച്ചുവിടാന്‍ തന്നെയും ഇദ്ദേഹത്തിന് അധികാരമുണ്ട്. സഭയെ അഭിസംബോധന ചെയ്യുകയും തദവസരത്തില്‍ സന്നിഹിതരാകണമെന്ന് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്യാനും ഇദ്ദേഹത്തിന് അധികാരമുണ്ട്. നിയമസഭ പാസാക്കുന്ന ഓരോ ബില്ലും ഗവര്‍ണര്‍ക്കു സമര്‍പ്പിക്കണമെന്നാണു വ്യവസ്ഥ. നിയമസഭ പാസാക്കുന്ന ബില്ലിന് അംഗീകാരം നല്‍കുകയോ നല്‍കാതിരിക്കുകയോ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാനുള്ള സ്വാതന്ത്യ്രവും ഗവര്‍ണര്‍ക്കുണ്ട്. നിയമസഭ സമ്മേളിക്കാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനുളള അധികാരം (213-ാം വകുപ്പ്) ഗവര്‍ണരില്‍ നിക്ഷിപ്തമായിരിക്കുന്നു. രാഷ്ട്രപതി സംസ്ഥാന ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ഗവര്‍ണറോട് ആലോചിച്ചുവേണമെന്ന് 217-ാം വകുപ്പ് അനുശാസിക്കുന്നു. സംസ്ഥാന പബ്ളിക് സര്‍വിസ് കമ്മിഷന്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതും ഗവര്‍ണറാണ്. ഭരണഘടനയുടെ XVIII-ാം ഭാഗത്തിലെ അടിയന്തരാധികാരങ്ങള്‍ അനുസരിച്ച് ഗവര്‍ണറോട് റിപ്പോര്‍ട്ട് വാങ്ങിയശേഷം രാഷ്ട്രപതിക്ക് ഒരു സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാം.

അധികാര വിഭജനം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മത്സരമുണ്ടാകാതിരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടനയുടെ ഏഴാം പട്ടികയില്‍ ഭരണവിഷയങ്ങളെ മൂന്നായി വിഭജിച്ചിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ അധികാര പരിധിയിലുള്ള വിഷയങ്ങളാണു യൂണിയന്‍ ലിസ്റ്റിലുള്ളത്. സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാര പരിധിയിലുള്ള വിഷയങ്ങള്‍ അടങ്ങുന്നതാണു സ്റ്റേറ്റ് ലിസ്റ്റ്. മൂന്നാമത്തെ ലിസ്റ്റില്‍ (കണ്‍കറന്റ് ലിസ്റ്റ്) ഉള്‍പ്പെടുത്തിയിട്ടുള്ളത് കേന്ദ്രഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും സംയുക്താധികാരമുള്ള വിഷയങ്ങളാണ്. രാജ്യരക്ഷ, സൈന്യം, ആയുധങ്ങള്‍, വെടിക്കോപ്പ്, അണുശക്തി, വിദേശനയം, അന്താരാഷ്ട്ര ഉടമ്പടികള്‍, പൗരത്വം, റെയില്‍വേ, കപ്പല്‍ഗതാഗതം, വ്യോമഗതാഗതം, കമ്പിത്തപാല്‍, ടെലിഫോണ്‍, കമ്പിയില്ലാക്കമ്പി, നാണയം, കറന്‍സിനോട്ടുകള്‍, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്കിങ് കമ്പനികള്‍, അന്തഃസംസ്ഥാനവാണിജ്യം, ഇന്‍ഷ്വറന്‍സ്, ആദായ നികുതി, സുപ്രീം കോടതി, ഹൈക്കോടതികള്‍, യൂണിയന്‍ പബ്ലിക്‌ സര്‍വിസ് കമ്മിഷന്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള 97 വിഷയങ്ങളാണ് യൂണിയന്‍ ലിസ്റ്റിലുള്ളത്. സ്റ്റേറ്റ് ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്‍പ്പെടാതെ ഏതെങ്കിലും വിഷയങ്ങള്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അവയൊക്കെ യൂണിയന്‍ ലിസ്റ്റിന്റെ 97-ാം ഇനത്തില്‍പ്പെടും. സ്റ്റേറ്റ് ലിസ്റ്റിലോ കണ്‍കറന്റ് ലിസ്റ്റിലോ പെടാതെ കഴിഞ്ഞകാലത്തോ നടപ്പുകാലത്തോ വരുംകാലത്തോ ഏതെങ്കിലും വിഷയമുണ്ടായാല്‍ അവ കേന്ദ്രത്തിന്റെ അധികാരത്തില്‍ വരുന്നതാണെന്ന് 248-ാം വകുപ്പില്‍ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സംസ്ഥാന ലിസ്റ്റില്‍ പ്രാദേശിക പ്രാധാന്യമുള്ള 67 വിഷയങ്ങളാണുള്ളത്. പൊതുസമാധാനം, പൊലീസ്, നീതി നിര്‍വഹണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, ജലസേചനം, ഭൂമി, കെട്ടിടം, കാര്‍ഷികാദായം എന്നിവയിന്മേലുള്ള നികുതി, എസ്റ്റേറ്റ് നികുതി, പിന്തുടര്‍ച്ചാവകാശ നികുതി, തൊഴില്‍നികുതി, സംസ്ഥാനത്തിനകത്തെ കച്ചവട നിയന്ത്രണം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ (42-ാം ഭരണഘടനാ ഭേദഗതി മുഖേന സ്റ്റേറ്റ് ലിസ്റ്റിലെ വിഷയമായിരുന്ന വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാക്കപ്പെട്ടു). പൊതുനിയമ സമാധാനപാലനം പ്രാഥമികമായും ഒരു സംസ്ഥാന വിഷയമാണ്. എന്നാല്‍ സംസ്ഥാനങ്ങളുടേതായ പൊലീസ് സംവിധാനങ്ങള്‍ക്കു പുറമേ കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ കേന്ദ്ര റിസര്‍വ് പൊലീസ്, അതിര്‍ത്തി സംരക്ഷണസേന തുടങ്ങിയ സേനാവിഭാഗങ്ങളുണ്ട്. രാജ്യത്തുണ്ടാകുന്ന ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടുന്നതിനുവേണ്ടിയാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ സായുധസേനകളെ സംഘടിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള സാഹചര്യങ്ങളില്‍ സംസ്ഥാന സിവില്‍ ഭരണകൂടത്തിനു സഹായകമായി ഈ സേനകള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം സഹായം സംസ്ഥാന ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമോ കേന്ദ്രത്തിന് ആവശ്യമെന്നു തോന്നുമ്പോള്‍ നേരിട്ടോ നല്‍കാവുന്നതാണ്. എന്നാല്‍ ഈ സഹായം ആവശ്യമാണോ അല്ലയോ എന്നു തീരുമാനിക്കുന്നതിനുള്ള അവകാശം കേന്ദ്രത്തിനാണ്. 1949-ല്‍ കേന്ദ്ര നിയമനിര്‍മാണസഭ പാസാക്കിയ കേന്ദ്ര റിസര്‍വ് പോലീസ് സേനാ നിയമത്തിലെ 18 (1) വകുപ്പു നല്‍കുന്ന നിയമനിര്‍മാണാധികാരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് 1955-ല്‍ പ്രാബല്യത്തില്‍ വരുത്തിയ കേന്ദ്ര റിസര്‍വ് പൊലീസ് സേനാചട്ടങ്ങളില്‍ ഈ സേനയുടെ പ്രാഥമിക ചുമതല ഇങ്ങനെ നിര്‍വചിച്ചിട്ടുണ്ട് [25(A)]:

'ഈ സേനാംഗങ്ങളെ നിയമസമാധാനം പുനഃസ്ഥാപിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ കേന്ദ്രഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന മറ്റേതെങ്കിലും ഉദ്ദേശ്യങ്ങള്‍ക്കോ വേണ്ടി ഇന്ത്യയുടെ ഏതു ഭാഗത്തും നിയോഗിക്കാവുന്നതാണ്'.

കേന്ദ്ര വ്യവസായസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി കേന്ദ്ര വ്യവസായ സംരക്ഷണസേന എന്നൊരു വിഭാഗവും നിലവിലുണ്ട്.

ഇതിനൊക്കെ പുറമേ സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ നിരവധി രഹസ്യാന്വേഷണ-ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും രഹസ്യ വാര്‍ത്തകളും ശേഖരിച്ചു ക്രോഡീകരിച്ചു കേന്ദ്ര ഗവണ്‍മെന്റിന് എത്തിച്ചുകൊടുക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടത്താറുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ ഒരു അഴിമതി നിരോധന ഏജന്‍സിയായും ഈ ബ്യൂറോ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഗവേഷണവിശകലനവിഭാഗം (RAW) രഹസ്യാന്വേഷണ ഏജന്‍സികളില്‍ പ്രമുഖമായ ഒന്നാണ്.

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സംയുക്താധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലെ 47 വിഷയങ്ങളില്‍ പ്രധാനപ്പെട്ടവ ക്രിമിനല്‍ നിയമം, സിവില്‍ നിയമം, വിവാഹം, വിവാഹമോചനം, വസ്തുകൈമാറ്റം (കാര്‍ഷിക ഭൂമി ഒഴിച്ചുള്ളവ), പാപ്പര്‍ നിയമം, ആസൂത്രണം, ഭക്ഷണസാധനങ്ങള്‍, വിദ്യുച്ഛക്തി എന്നിവയാണ്. ഈ ലിസ്റ്റിലുള്ള വിഷയങ്ങളെ സംബന്ധിച്ച് പാര്‍ലമെന്റിന്റെ നിയമനിര്‍മാണാധികാരം സംസ്ഥാന നിയമസഭകളുടേതിനെക്കാള്‍ മുന്നിലാണ്. കേന്ദ്രനിയമത്തിനു വിരുദ്ധമായ സംസ്ഥാന നിയമം അസാധുവായിരിക്കുമെന്നാണ് 254-ാം വകുപ്പ് അനുശാസിക്കുന്നത്.

ഏഴാം പട്ടികയിലെ സ്റ്റേറ്റ് ലിസ്റ്റില്‍ പറയുന്ന വിഷയങ്ങളുടെ കാര്യത്തിലും സംസ്ഥാനങ്ങള്‍ക്കു പൂര്‍ണമായ അധികാരമുണ്ടെന്നു പറയാന്‍ കഴിയുകയില്ല. ഭരണഘടനയുടെ 200-ാം വകുപ്പനുസരിച്ച് ഒരു സംസ്ഥാന നിയമസഭ ഒരു ബില്‍ അംഗീകരിച്ചാല്‍ അത് ഗവര്‍ണര്‍ക്കു സമര്‍പ്പിക്കണം. താന്‍ അതിനെ അനുകൂലിക്കുന്നുവെന്നോ തത്കാലം അനുമതി നല്‍കുന്നില്ലെന്നോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവേണ്ടി അതിനെ മാറ്റിവയ്ക്കുന്നുവെന്നോ ഗവര്‍ണര്‍ക്കു പ്രഖ്യാപിക്കാം. അദ്ദേഹം അതു നിയമസഭയുടെ പുനഃപരിശോധനയ്ക്കായി തിരികെ അയയ്ക്കുകപോലും ചെയ്തെന്നുവരാം. ഗവര്‍ണര്‍ ഒരു ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചാല്‍ രാഷ്ട്രപതിക്ക് അതിന് അനുമതി നല്‍കുകയോ നല്‍കാതിരിക്കുകയോ പുനഃപരിശോധനയ്ക്കായി നേരിട്ടു തിരിച്ചയക്കുകയോ ചെയ്യാമെന്ന് 201-ാം വകുപ്പ് അനുശാസിക്കുന്നു. ഗവര്‍ണര്‍ നിയമസഭയിലേക്കു തിരികെ അയച്ച ബില്‍ നിയമസഭ വീണ്ടും പാസാക്കുകയാണെങ്കില്‍ ഗവര്‍ണര്‍ അതിനു വീണ്ടും അനുമതി നിഷേധിച്ചുകൂടാ. എന്നാല്‍ 201-ാം വകുപ്പനുസരിച്ചു രാഷ്ട്രപതി ബില്‍ പുനഃപരിശോധനയ്ക്കായി സംസ്ഥാന നിയമസഭയ്ക്കു തിരികെ അയയ്ക്കുകയാണെങ്കില്‍ നിയമസഭ അത് ഒരിക്കല്‍ക്കൂടി പാസാക്കുകയാണെങ്കില്‍പ്പോലും അതു വീണ്ടും രാഷ്ട്രപതിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കണമെന്നാണു വ്യവസ്ഥ. അതിനു ശേഷവും അതിന് അംഗീകാരം നല്‍കാതെ മാറ്റിവയ്ക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടോ എന്ന കാര്യത്തെപ്പറ്റി ഭരണഘടന വ്യവസ്ഥ ചെയ്തിട്ടില്ല.

ഏഴാം പട്ടികയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണത്തിന് അധികാരമുള്ള വിഷയങ്ങളില്‍ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഭരണഘടന അധികാരം നല്‍കിയിട്ടുണ്ട്. ഏഴാം പട്ടികയനുസരിച്ച് ഏറ്റവും കൂടുതല്‍ വികസനസാധ്യതകള്‍ ഉള്ള നികുതികള്‍ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്രത്തിനാണ്. ഉദാ. ആദായനികുതി, കോര്‍പ്പറേറ്റ് നികുതി, എക്സൈസ് നികുതി (ചാരായം കലര്‍ന്ന പാനീയങ്ങള്‍, മയക്കുമരുന്നുകള്‍ ഇവ ഒഴികെ), കയറ്റിറക്കു തീരുവ തുടങ്ങിയവ. സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ള നികുതികളില്‍ പ്രധാനപ്പെട്ടവ ഭൂനികുതി, കാര്‍ഷികാദായ നികുതി, ചാരായം കലര്‍ന്ന പാനീയങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവയിന്മേലുള്ള എക്സൈസ് നികുതി, പൊതുവില്പന നികുതി, മോട്ടോര്‍ സ്പിരിട്ടിനുള്ള വില്പന നികുതി, മോട്ടോര്‍ വാഹനങ്ങളിന്മേലുള്ള നികുതി, രജിസ്റ്റ്രേഷന്‍ നികുതി, വിനോദ നികുതി, വൈദ്യുതി തീരുവ എന്നിവയാണ്.

കയറ്റുമതി-ഇറക്കുമതി തീരുവകള്‍, കോര്‍പ്പറേഷന്‍ നികുതി, വ്യക്തികളുടേയും കമ്പനികളുടെയും കാര്‍ഷിക വസ്തുക്കള്‍ ഒഴികെയുള്ള ആസ്തികളുടെ മുടക്കു വിലയിന്മേലുള്ള നികുതി എന്നിവയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും കേന്ദ്രഗവണ്‍മെന്റിനു ലഭിക്കും. കേന്ദ്രം നേരിട്ടു ചുമത്തുകയും പിരിക്കുകയും ചെയ്യുന്നവയും എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുകൂടി വിഹിതം കൊടുക്കണമെന്നുള്ളതോ കൊടുക്കാമെന്നുള്ളതോ ആയ നികുതികള്‍ക്കുദാഹരണമാണ് ആദായ നികുതി, എക്സൈസ് തീരുവ എന്നിവ.

കാര്‍ഷികേതരമായ വസ്തുക്കളിന്മേലുള്ള പിന്തുടര്‍ച്ചാവകാശ നികുതി, ടെര്‍മിനല്‍ നികുതി, റെയില്‍ യാത്രക്കൂലിയിലും ചരക്കുകൂലിയിലും ചുമത്തുന്ന നികുതി, സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരി വിപണിയിലും നടക്കുന്ന വ്യാപാരങ്ങളിന്മേലുള്ള നികുതി എന്നിവ കേന്ദ്രം നേരിട്ടു ചുമത്തുകയും പിരിക്കുകയും പിന്നീടു ഭരണഘടന 268-ാം വകുപ്പ് 2-ാം ഉപവകുപ്പ് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു വീതിച്ചു നല്‍കുകയും ചെയ്യുന്നു. കേന്ദ്രം ചുമത്തുകയും സംസ്ഥാനങ്ങള്‍ പിരിച്ചെടുത്തു ചെലവഴിക്കുകയും ചെയ്യുന്ന നികുതികളും തീരുവകളുമുണ്ട്. ഇവയില്‍പ്പെട്ടതാണ് ഔഷധങ്ങള്‍, സുഗന്ധലേപനങ്ങള്‍ എന്നിവയിന്മേല്‍ ചുമത്തുന്ന നികുതികളും തീരുവകളും.

ഭരണഘടനയുടെ 280 (1) വകുപ്പ് ഇങ്ങനെ വ്യവസ്ഥ ചെയ്യുന്നു. 'ഭരണഘടന നടപ്പില്‍ വന്നു രണ്ടു വര്‍ഷത്തിനകമായും പിന്നീട് ഓരോ അഞ്ചു വര്‍ഷം തികയുമ്പോഴും തനിക്കു യുക്തമെന്നു തോന്നിയാല്‍ അതില്‍ ചുരുങ്ങിയ കാലയളവിലും ഓരോ ധനകാര്യകമ്മിഷനെ രാഷ്ട്രപതി നിയമിക്കും. വീതം വയ്ക്കേണ്ട നികുതികളില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്യേണ്ടതു സംബന്ധിച്ചു ശിപാര്‍ശകള്‍ സമര്‍പ്പിക്കുക, ഗ്രാന്റ്-ഇന്‍-എയ്ഡ് വ്യവസ്ഥകള്‍ തീരുമാനിക്കുക, രാഷ്ട്രത്തിന്റെ ധനസ്ഥിതി സുസ്ഥിരമാക്കുന്നതിനുവേണ്ടി കമ്മിഷന്‍ പരിഗണിക്കണമെന്നു രാഷ്ട്രപതി ആവശ്യപ്പെടുന്ന ഏതു പ്രശ്നത്തെക്കുറിച്ചും ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മിഷന്റെ ചുമതലകള്‍.

രാഷ്ട്രപതി ഇതുവരെ 14 ധനകാര്യക്കമ്മിഷനുകളെ നിയമിച്ചിട്ടുണ്ട്. കെ. സി. നിയോഗി അധ്യക്ഷനായുള്ള ആദ്യത്തെ കമ്മിഷന്‍ നിയമിതമായത് 1951-ലായിരുന്നു. പിന്നീട് കെ. സന്താനം, എ. കെ. ചന്ദര്‍, പി. വി. രാജമന്നാര്‍, മഹാവീര്‍ ത്യാഗി, കെ. ബ്രഹ്മാനന്ദറെഡ്ഢി, ജെ. എം. ഷേലത്ത് എന്നിവര്‍ അധ്യക്ഷന്മാരായി യഥാക്രമം 1956, 1960, 1964, 1969, 1972, 1977, 1983, 2003, 2007 എന്നീ വര്‍ഷങ്ങളില്‍ പിന്നീടു ധനകാര്യക്കമ്മിഷനുകള്‍ നിയമിക്കപ്പെട്ടു. 2012-ല്‍ നിയമിതമായ 14-ാം ധനകാര്യക്കമ്മിഷന്റെ അധ്യക്ഷന്‍ ഡോ. വൈ. വി. റെഡ്ഡിയാണ്. 2009 ഡിസംബറില്‍ 13-ാം ധനകാര്യക്കമ്മിഷന്‍ അതിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്കു സമര്‍പ്പിക്കുകയുണ്ടായി. 2010-15 കാലയളവില്‍ 13-ാം ധനകാര്യക്കമ്മിഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതാണ്.

ആദായനികുതിയുടെ കാര്യത്തില്‍ ധനകാര്യക്കമ്മിഷന്റെ ശിപാര്‍ശകള്‍ പരിശോധിച്ചതിനുശേഷം അതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതവും ഓരോ സംസ്ഥാനത്തിനും ഭാഗിക്കേണ്ട വിധവും രാഷ്ട്രപതി അന്തിമമായി തീരുമാനിക്കുന്നു. സംസ്ഥാനത്തിന്റെ ആദായനികുതി രാഷ്ട്രപതി നിര്‍ണയിക്കുന്നതുകൊണ്ട് അതു പാര്‍ലമെന്റിന്റെ സഞ്ചിതനിധിയില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ അതു പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വിധേയമാകുന്നുമില്ല. എന്നാല്‍ എക്സൈസ് തീരുവകളുടെ കാര്യത്തില്‍ ധനകാര്യക്കമ്മിഷന്റെ ശിപാര്‍ശകള്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ രാഷ്ട്രപതിക്കു കഴിയുകയില്ല. എക്സൈസ് തീരുവകളില്‍ മൊത്തം സംസ്ഥാനവിഹിതവും ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട വിഹിതവും തീരുമാനിക്കേണ്ടതു പാര്‍ലമെന്റാണ്.

യൂണിയന്‍ എക്സൈസ് നികുതികളുടെ 32 ശതമാനം സംസ്ഥാനങ്ങള്‍ക്ക് പങ്കിടണമെന്നാണ് 13-ാം ധനകാര്യക്കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. 12-ാം ധനകാര്യക്കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നത് 30.5 ശതമാനം എന്നായിരുന്നു. ഏഴു മുതല്‍ പതിനൊന്നു വരെയുള്ള ധനകാര്യ കമ്മിഷനുകള്‍ ഭരണഘടനയുടെ 275-ാം വകുപ്പുപ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്റ്-ഇന്‍-എയ്ഡ് നല്‍കിയിരുന്നില്ല. പിന്നീട് 12-ാം ധനകാര്യക്കമ്മിഷന്റെ കാലയളവില്‍ മാത്രമാണ് ഭരണഘടനയുടെ 275-ാം വകുപ്പുപ്രകാരമുള്ള ഗ്രാന്റ്-ഇന്‍-എയ്ഡ് കേരളത്തിനു ലഭിച്ചത്. നോ. ധനകാര്യക്കമ്മിഷന്‍

ഭരണപരമായ ബന്ധങ്ങള്‍. ഭരണഘടനയുടെ പതിനൊന്നാം ഭാഗം രണ്ടാം അധ്യായത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണപരമായ ബന്ധങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനം അതിന്റെ അധികാരശക്തി വിനിയോഗിക്കുന്നത് പാര്‍ലമെന്റ് രൂപം നല്‍കുന്നതും നിലവിലുള്ളതുമായ നിയമങ്ങളുമായി പൊരുത്തക്കേടില്ലാത്ത തരത്തിലായിരിക്കണമെന്നുണ്ട്. ഈ ഉദ്ദേശ്യത്തോടെ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്നതിനു കേന്ദ്രത്തിന് അതിന്റെ അധികാര ശക്തി പ്രയോഗിക്കാം (256-ാം വകുപ്പ്). 257-ാം വകുപ്പനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു ലഭ്യമായിട്ടുള്ള അധികാരങ്ങള്‍ കേന്ദ്രത്തിന്റെ അധികാരശക്തിയെ മറികടക്കുകയോ തെറ്റായി ബാധിക്കുകയോ ചെയ്യുന്ന തരത്തില്‍ പ്രയോഗിച്ചുകൂട. കേന്ദ്രഗവണ്‍മെന്റിനു യുക്തമെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാം. കേന്ദ്ര നിര്‍ദേശങ്ങള്‍ ഏതെങ്കിലും സംസ്ഥാനം അവഗണിക്കുന്ന പക്ഷം ഭരണഘടനാധിഷ്ഠിതമായി ഭരണം നിര്‍വഹിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടിരിക്കുന്നു എന്നു വിധിയെഴുതി രാഷ്ട്രപതിക്കു സംസ്ഥാനഭരണം നേരിട്ട് ഏറ്റെടുക്കാമെന്ന് 356-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ നിയമനിര്‍മാണാധികാരങ്ങളും പാര്‍ലമെന്റിന് ഏറ്റെടുക്കാം. ദേശീയ താത്പര്യം കണക്കിലെടുത്തുകൊണ്ട് സ്റ്റേറ്റ് ലിസ്റ്റിലെ ഏതു വിഷയവും കേന്ദ്രത്തിന്റെ ലിസ്റ്റിലേക്കു മാറ്റാം. ഇതിന് രാജ്യസഭയില്‍ ഹാജരാകുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗം ആ തീരുമാനം അംഗീകരിച്ചാല്‍ മാത്രം മതിയാകും. യുദ്ധം, വിദേശ ആക്രമണം, ആഭ്യന്തരകലഹം എന്നിവ മൂലം രാഷ്ട്രത്തിന്റെ മൊത്തമായോ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷിതത്വത്തിനു ഹാനി സംഭവിക്കാനിടയുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ഭരണച്ചുമതല രാഷ്ട്രപതിക്ക് ഏറ്റെടുക്കാം. സംസ്ഥാനഭരണം രാഷ്ട്രപതി ഏറ്റെടുത്തു പാര്‍ലമെന്റിന്റെ അധികാരപരിധിയില്‍പ്പെടുത്തി കേന്ദ്രഗവണ്‍മെന്റ് നടത്തുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണ്. 250, 352, 354, 355, 358, 359 എന്നീ വകുപ്പുകള്‍. യുദ്ധമോ യുദ്ധപരിതഃസ്ഥിതികളോ നിലവിലില്ലെങ്കില്‍ പോലും ഏതെങ്കിലും സംസ്ഥാനത്തു ഭരണഘടനാവ്യവസ്ഥകളനുസരിച്ചു ഭരണം നടക്കുന്നില്ലെങ്കില്‍ ആ സംസ്ഥാനത്തിന്റെ ഭരണം രാഷ്ട്രപതിക്കു നേരിട്ട് ഏറ്റെടുക്കാവുന്നതാണ് (356, 365). പല ഘട്ടങ്ങളിലായി പല സംസ്ഥാനങ്ങളും ഇങ്ങനെയുള്ള രാഷ്ട്രപതി ഭരണത്തിനു വിധേയമായിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ തമ്മിലുണ്ടാകാവുന്ന നദീജലത്തര്‍ക്കങ്ങള്‍, അതിര്‍ത്തിത്തര്‍ക്കങ്ങള്‍ എന്നിവയില്‍ അന്തിമതീരുമാനമെടുക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിനാണ് (262). സംസ്ഥാനങ്ങള്‍ തമ്മിലുണ്ടാകാവുന്ന തര്‍ക്കങ്ങള്‍ തീരുമാനിക്കുന്നതിന് സുപ്രീം കോടതിയുള്‍പ്പെടെയുള്ള കോടതികള്‍ക്ക് അധികാരമില്ല. സംസ്ഥാനങ്ങള്‍ തമ്മിലുണ്ടാകാവുന്ന തര്‍ക്കങ്ങള്‍ രമ്യമായി ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതിനും സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുന്നതിനും വേണ്ടി ഒരു അന്തഃസംസ്ഥാന കൗണ്‍സില്‍ രൂപവത്കരിക്കാന്‍ 263-ാം വകുപ്പ് രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നു. ഈ കൗണ്‍സിലിന് ശിപാര്‍ശകള്‍ സമര്‍പ്പിക്കാനേ അധികാരമുള്ളൂ; അവസാന തീരുമാനമെടുക്കാനാവില്ല.

1950 മുതല്‍ 1957 വരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നടത്തിയിരുന്നതു കോണ്‍ഗ്രസ് തന്നെയായിരുന്നതുകൊണ്ട് 1957 വരെ കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ക്കു കാര്യമായ ഉലച്ചിലുണ്ടായില്ല. കേന്ദ്രവും ചില സംസ്ഥാനങ്ങളും തമ്മില്‍ അല്പം ചില അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കപ്രശ്നങ്ങളും ഇക്കാലത്ത് ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം ചര്‍ച്ചചെയ്തു രമ്യമായി പരിഹരിക്കപ്പെട്ടിരുന്നു. 1957-ല്‍ കേരളത്തിലും 1967-ല്‍ കേരളമുള്‍പ്പെടെയുള്ള മറ്റു ചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിതര കക്ഷികള്‍ ഭരണത്തില്‍ വന്നതോടെയാണു സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം വേണമെന്ന ചിന്താഗതിയുണ്ടായത്. 1977-ലെയും 1978-ലെയും തിരഞ്ഞെടുപ്പുകളുടെ ഫലവും കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പും സ്വയംഭരണാവകാശത്തിന് ആക്കം കൂട്ടി. ഇക്കാലത്ത് രാഷ്ട്രീയം, നിയമനിര്‍മാണം, സാമ്പത്തികം എന്നീ മേഖലകളില്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സ്വയംഭരണാവകാശം വേണമെന്നാവശ്യപ്പെട്ടുകൊണ്ടു ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. കൂടുതല്‍ സ്വയംഭരണാവകാശം വേണമെന്നും കേന്ദ്ര സംസ്ഥാനബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്തു നടത്തണമെന്നും ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളുടെ വാദഗതി ഇപ്രകാരമാണ്.

ഒരു സംസ്ഥാന ഗവണ്‍മെന്റിനെയോ നിയമസഭയെയോ അല്ലെങ്കില്‍ രണ്ടിനെയുമോ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന 356, 357 എന്നീ വകുപ്പുകള്‍ നീക്കം ചെയ്യണം. ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ സ്തംഭനം ഉണ്ടാകുകയാണെങ്കില്‍ കേന്ദ്രത്തിലേതുപോലെ ആ സംസ്ഥാനത്തും തിരഞ്ഞെടുപ്പു നടത്തി പുതിയ ഗവണ്‍മെന്റ് സ്ഥാപിക്കാനുള്ള ജനാധിപത്യനടപടികള്‍ കൈക്കൊള്ളുന്നതിനുള്ള വകുപ്പുകള്‍ ഉണ്ടാക്കണം. സാമ്പത്തിക സുസ്ഥിരതയ്ക്കോ ഇന്ത്യയുടെ സുസ്ഥിരതയ്ക്കോ ഭീഷണിയുണ്ടെന്നതിന്റെ പേരില്‍ ഒരു സംസ്ഥാനത്തിന്റെ ഭരണത്തില്‍ ഇടപെടുന്നതിനു രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന 360-ാം വകുപ്പ് എടുത്തുമാറ്റണം.

കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധിയായ ഗവര്‍ണ്ണര്‍ക്ക് സംസ്ഥാനത്തിലെ ദൈനംദിന രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ ഇടപെടാന്‍ അധികാരം നല്‍കുന്നതു ശരിയല്ല. ഗവര്‍ണറില്‍ നിക്ഷിപ്തമായ വിവേചനാധികാരങ്ങള്‍ അദ്ദേഹത്തെ നിയമസഭയുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും നിയന്ത്രണപരിധിയില്‍ നിന്നു സ്വതന്ത്രനാക്കുന്നുവെന്നതുകൊണ്ട് ഭരണഘടനയുടെ 163, 164, 200 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യുകയും മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശങ്ങള്‍ക്കു അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്യണം. മുഖ്യമന്ത്രിക്കു തന്റെ മന്ത്രിസഭാംഗങ്ങളെ നിയമിക്കാനും പിരിച്ചുവിടാനും അധികാരമുണ്ടായിരിക്കണം. എന്നാല്‍ ഈ അധികാരം ഇന്നു ഗവര്‍ണറില്‍ നിക്ഷിപ്തമാണ്.

നിയമസഭ അംഗീകരിക്കുന്ന ബില്ലിന് അംഗീകാരം നല്‍കാതിരിക്കാനും രാഷ്ട്രപതിയുടെ അനുമതിക്കുവേണ്ടി മാറ്റിവയ്ക്കാനും ഇന്ന് ഗവര്‍ണര്‍ക്കുള്ള അധികാരം നീക്കം ചെയ്യണം.

മന്ത്രിസഭയ്ക്കു നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്നു നിര്‍ണയിക്കാനുള്ള അവകാശം നിയമസഭയുടേതു മാത്രമായിരിക്കണം.

ഗവര്‍ണറെ നാമനിര്‍ദേശം ചെയ്യുന്നതിനുപകരം ജനങ്ങള്‍ക്കു നേരിട്ടു തിരഞ്ഞെടുക്കാന്‍ കഴിയണം.

നിയമസഭയിലെ ഭൂരിപക്ഷം അംഗങ്ങളും രഹസ്യ വോട്ടെടുപ്പിലൂടെ ഗവര്‍ണറെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം ആ സ്ഥാനം ഒഴിയാന്‍ വേണ്ട സംവിധാനം ഉണ്ടാകണം.

കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലും അച്ചടക്കനിയന്ത്രണത്തിലും ഉള്ളതും സംസ്ഥാനങ്ങളിലേക്കു നിയമിക്കപ്പെടുന്നതുമായ അഖിലേന്ത്യാ സര്‍വിസുകള്‍ നിര്‍ത്തല്‍ ചെയ്യണം. യൂണിയന്‍ സര്‍വിസിലേക്കും സംസ്ഥാന സര്‍വിസിലേക്കുമുള്ള നിയമനം യഥാക്രമം കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും നടത്തണം. യൂണിയന്‍ സര്‍വിസിലും സംസ്ഥാനസര്‍വിസിലും ഉള്ള ഉദ്യോഗസ്ഥന്മാര്‍ യഥാക്രമം യൂണിയന്‍ ഗവണ്‍മെന്റിന്റെയും സംസ്ഥാനഗവണ്‍മെന്റുകളുടെയും അച്ചടക്ക നിയന്ത്രണത്തിലായിരിക്കണം. സംസ്ഥാന സര്‍വിസിലുള്ള ഉദ്യോഗസ്ഥന്മാരുടെ മേല്‍ കേന്ദ്ര ഗവണ്‍മെന്റിനു യാതൊരു അധികാരവും ഉണ്ടായിരിക്കരുത്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചുമതലകളും അതു നിര്‍വഹിക്കുന്നതിനുള്ള ധനാഗമ മാര്‍ഗങ്ങളും വീതം വച്ചിട്ടുള്ളത് സംസ്ഥാനങ്ങളുടെ സാമ്പത്തിക നില സന്തുലിതമായി നിലനിര്‍ത്തുന്നതിനു തീരെ അനുകൂലമായിട്ടല്ല. സംസ്ഥാനങ്ങള്‍ക്ക് ഇന്നുള്ള ഉത്തരവാദിത്തങ്ങളും അവരുടെ വരുമാനമാര്‍ഗങ്ങളും തമ്മില്‍ യാതൊരനുപാതവും ഇപ്പോഴില്ല. സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിഭവസമാഹരണശേഷി ഉണ്ടാകത്തക്കവിധം സാമ്പത്തികാധികാരം കൈമാറിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ പരിപൂര്‍ണമായ പൊളിച്ചെഴുത്തു നടത്തണം.

അവശിഷ്ടാധികാരങ്ങള്‍ കേന്ദ്രത്തിലല്ല, മറിച്ച്, സംസ്ഥാനങ്ങളിലാണു സ്ഥിതി ചെയ്യേണ്ടതു എന്നാണ് ചില സംസ്ഥാനങ്ങള്‍ വാദിക്കുന്നത്. യൂണിയന്‍ ലിസ്റ്റിലോ കണ്‍കറന്റ് ലിസ്റ്റിലോ പെടാത്ത വിഷയങ്ങളെക്കുറിച്ചു നിയമനിര്‍മാണം നടത്തുന്നതിന് ഇപ്പോള്‍ പാര്‍ലമെന്റിനുള്ള അധികാരം മാറ്റി അതു സംസ്ഥാനങ്ങള്‍ക്കു നല്‍കത്തക്ക വിധം ഭരണഘടനയുടെ 248-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും ഈ സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെടുന്നു.

ദേശീയ താത്പര്യം മുന്‍നിര്‍ത്തി സംസ്ഥാന ലിസ്റ്റില്‍പ്പെട്ട ഏതെങ്കിലും വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന 249-ാം വകുപ്പ് നീക്കം ചെയ്യണമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ വേണമെന്ന വാദഗതി ശക്തമായതിനെത്തുടര്‍ന്ന് കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ പുനഃപരിശോധിക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് 1983-ല്‍ ജസ്റ്റിസ് രജീന്ദ്രര്‍സിങ് സര്‍ക്കാരിയ അധ്യക്ഷനായും ബി. ശിവരാമന്‍, ഡോ. എസ്.ആര്‍. സെന്‍ എന്നിവര്‍ അംഗങ്ങളായും ഒരു സമിതിയെ നിയോഗിക്കുകയുണ്ടായി. ഒട്ടനവധി വിവരങ്ങള്‍ ശേഖരിച്ചും ചര്‍ച്ചകള്‍ നടത്തിയതിലൂടെയും തയ്യാറാക്കിയ 1600 പേജുകളുള്ള സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ട് 1988 ജനുവരിയില്‍ സമര്‍പ്പിക്കുകയുണ്ടായി. നിയമനിര്‍മാണം, ഗവര്‍ണര്‍മാരുടെ പങ്ക്, ഭരണഘടനയുടെ 356-ാം വകുപ്പിന്റെ നടത്തിപ്പ് തുടങ്ങിയവ സംബന്ധിച്ച് സൂക്ഷ്മമായ 247 ശിപാര്‍ശകളാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത്.

കണ്‍കറന്റ് ലിസ്റ്റിന്മേല്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുക, നദീജലത്തര്‍ക്കങ്ങളില്‍ ഭരണഘടനയുടെ 258-ാം വകുപ്പ് കാര്യക്ഷമമായി പ്രയോഗിക്കുക എന്നിവ കൂടാതെ ധനകാര്യ ബന്ധങ്ങള്‍, സാമ്പത്തിക സാമൂഹ്യാസൂത്രണം, വ്യവസായങ്ങള്‍, ധാതുക്കള്‍, കൃഷി, വനം, ഭക്ഷണവും പൊതുവിതരണസംവിധാനവും, രാജ്യത്തിനകത്തെ ആഭ്യന്തര കച്ചവടവും വാണിജ്യവും, മാധ്യമങ്ങള്‍, അടിയന്തര കരുതല്‍ നടപടികള്‍, ഭരണപരമായ ബന്ധങ്ങള്‍, പ്രസിഡന്റിന്റെ പരിഗണനയ്ക്കു അയക്കപ്പെടുന്ന ഓര്‍ഡിനന്‍സുകള്‍ക്കുമേല്‍ ഗവര്‍ണര്‍ക്കുള്ള പ്രത്യേക അധികാരം തുടങ്ങിയവ സംബന്ധിച്ച് നിരീക്ഷണങ്ങളും ശിപാര്‍ശകളും സര്‍ക്കാരിയ കമ്മിഷന്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. രാജ്യത്ത് സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംവിധാനങ്ങള്‍ ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതിക്കു നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ 263-ാം വകുപ്പ് കേന്ദ്രവും സംസ്ഥാനങ്ങള്‍ തമ്മിലും പരസ്പര സഹകരണവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്നതിനായി ഒരു ഇന്റര്‍സ്റ്റേറ്റ് കൗണ്‍സില്‍ (അന്തര്‍ സംസ്ഥാന കൗണ്‍സില്‍) സ്ഥാപിക്കുന്നതിന് രാഷ്ട്രപതിക്ക് അധികാരങ്ങളും നല്‍കിയിട്ടുണ്ട്. ഇതിന്‍പ്രകാരം 1990-ല്‍ രാജ്യത്ത് ഔദ്യോഗികമായി ഒരു ഇന്‍ര്‍-സ്റ്റേറ്റ് കൗണ്‍സില്‍ സ്ഥാപിതമായി. പ്രധാനമന്ത്രി കൗണ്‍സിലിന്റെ ചെയര്‍മാനും കേന്ദ്ര ക്യാബിനിറ്റിലെ മന്ത്രിമാര്‍, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പ്രസ്തുത ഇന്റര്‍-സ്റ്റേറ്റ് കൗണ്‍സില്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍